നെൽകൃഷിയിൽ ജൈവകൃഷിരീതികളും യന്ത്രവത്ക്കരണവും എങ്ങനെ പ്രായോഗികമായി കൊണ്ടുവരാം എന്ന് കർഷകരെ പഠിപ്പിക്കുന്നതിനായി ഞാറ്റടി മുതൽ കൊയ്ത്ത് വരെ കർഷകന്റെ പാടത്ത് ചെന്ന് നാല് മാസക്കാലം പരിശീലനം നല്കുന്ന ദൗത്യം 2015 മുതൽ പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നടത്തി വരുന്ന ഒരു പദ്ധതിയാണ് “യന്ത്രവത്കൃത ജൈവനെൽകൃഷി പരിശീലനം - വിത്ത് മുതൽ കൊയ്ത്ത് വരെ കർഷകന്റെ പാടത്ത്”. പഞ്ചായത്ത് മുൻസിപാലിറ്റികളിലെ തിരഞ്ഞെടുത്ത പാടശേഖരത്തിൽ ഒരു നിശ്ചിത സ്ഥലത്ത് നടപ്പിലാക്കി മാതൃക കാട്ടുക എന്നതാണ് പ്രധാന ലക്ഷ്യം. കർഷകർക്കുള്ള പരിശീലനം ക്ലാസ്മുറികളിൽ നിന്നും മാറ്റി കർഷകന്റെ കൃഷിസ്ഥലത്തായിരിക്കണം എന്ന സന്ദേശമാണ് പ്രധാനം. ഈ വർഷം കേരള കാർഷിക സർവ്വകലാശാലയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായും ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികത്തിന്റെ ഭാഗമായും നടത്തുന്ന ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായും ഗവേഷണ കേന്ദ്രം, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി പരിധിയിലെ കാരാട്ട് വയൽപാടശേഖരമാണ് തിരഞ്ഞെടുത്തത്.